Wednesday , October 16 2024

മലാല യൂസുഫും മര്‍വ ശര്‍ബിനിയും: സ്ത്രീ വിരുദ്ധതയുടെ രണ്ടു മുഖങ്ങള്‍ – Malayalam Translation of Diary of a Pakistani School Girl – Malala Yousafzai’s Blog (OFFICIAL)

Your ads will be inserted here by

Easy Plugin for AdSense.

Please go to the plugin admin page to
Paste your ad code OR
Suppress this ad slot.

Courtesy : kinalur.com

“ഇന്നലെ രാത്രി ഞാന്‍ മിലിട്ടറി ഹെലികോപ്ടറുകളും താലിബാന്‍ ഭാടന്മാരുമെള്ള ഉള്‍പ്പെടുന്ന ഒരു ഭീകര സ്വപ്നം കണ്ടു.സ്വാതില്‍ സൈനിക ഓപറേഷന്‍ തുടങ്ങിയത് മുതല്‍ ഇത്തരം ദുസ്വപ്നങ്ങള്‍ പതിവാണ്.ഉമ്മ എനിക്ക് പ്രാതല്‍ തന്നു,ഞാന്‍ സ്കൂളിലേക്ക് പോകുകയാണ്.സ്കൂളില്‍ പോകാന്‍ എനിക്ക് ഭയമാണ്.കാരണം,താലിബാന്‍ പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നതു വിലക്കിയിരിക്കുകയാണ്.എന്റെ ക്ലാസ്സിലെ 27 കുട്ടികളില്‍ 11 പേര്‍ മാത്രമേ വരാറുള്ളൂ.താലിബാന്റെ വിലക്കിനെ തുടര്‍ന്ന് കൊഴിഞ്ഞു പോക്ക് കൂടിയിരിക്കുകയാണ്.എന്റെ മൂന്നു കൂട്ടുകാരികള്‍ ഇതിനകം പെഷവാരിലേക്കും ലാഹോറിലേക്കും രാവല്പിണ്ടിയിലെക്കും താമസം മാറ്റി.സ്കൂളിലേക്കുള്ള വഴിയില്‍ ഒരാള്‍ പറയുന്നത് കേട്ടു :”നിന്നെ കൊല്ലും ഞാന്‍ “.ഞാന്‍ പെട്ടെന്ന് സ്ഥലം വിട്ടു.അയാള്‍ എന്നെ പിന്തുടരുന്നുണ്ടോ എന്ന് ഞാന്‍ തിരിഞ്ഞു നോക്കി.ഭാഗ്യം,അയാള്‍ ഫോണില്‍ മറ്റാരെയോ ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുകയാണ്.


ഇത് മലാല യൂസുഫ്‌ സായിയുടെ വാക്കുകള്‍ .കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്ന പാകിസ്ഥാനിലെ പതിനാലുകാരിയായ മലാല കഴിഞ്ഞ ജനുവരി മൂന്നിനു എഴുതിയ ബ്ലോഗിലെ വരികള്‍ .അതെഴുതിയപ്പോള്‍ ഒരു നാള്‍ ഈ ദുസ്വപ്നം തനിക്ക് വന്നു പെടുമെന്ന് അവള്‍ കരുതിയിരിക്കണം.പക്ഷെ,അത് ഇത്ര പെട്ടെന്നാവുമെന്നു അവള്‍ ഓര്‍ത്തു കാണില്ല.

പാകിസ്ഥാനിലെ സ്വാത്ത് ജില്ലയിലെ മിങ്കോര സ്വദേശിയായ ഈ പെന്‍കുട്ടി തന്റെ ബ്ലോഗില്‍ എഴുതിയ സ്കൂള്‍ കുറിപ്പുകളിലൂടെയാണ് ലോക ശ്രദ്ധ നേടിയത്.താലിബാന്‍ ഭരണം ചിറകുകള്‍ അരിഞ്ഞ ഒരു കൊച്ചു ശലഭാമായിരുന്നു അവള്‍ .അവളുടെ നിഷ്കളങ്ക ബാല്യത്തിന്റെ വേദന കലര്‍ന്ന കുറിപ്പുകള്‍ ബി ബി സി പ്രസിദ്ധീകരിച്ചതോടെയാണ് മലാല ലോക ശ്രദ്ധയില്‍ വരുന്നത്.താലിബാന്‍ ഭരണത്തില്‍  മതതീവ്രവാദികള്‍ അടിച്ചമര്‍ത്തുന്ന ആയിരക്കണക്കിന് പെണ്‍കുട്ടികളുടെ നൊമ്പരങ്ങളാണ് അവളിലൂടെ ലോകം വായിച്ചത്. താലിബാന്‍, സ്ത്രീകള്‍ക്ക് മാനുഷികമായ അവകാശങ്ങള്‍ പോലും നിഷേധിക്കുകയാണ്.സ്കൂളില്‍ പോകാനോ,പൊതു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാണോ,തൊഴില്‍ ചെയ്യാനോ താലിബാന്‍ കേന്ദ്രങ്ങളില്‍ സാധ്യമല്ലെന്ന് വാര്‍ത്തകള്‍ വ്യക്തമാക്കുന്നു.ഈ അവകാശ ലംഘനങ്ങള്‍ ലോക ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഈ കൊച്ചു പെണ്‍കുട്ടി ശ്രമിച്ചത്.പാക് ഭരണകൂടം മലാലയെ ആദരിക്കുകയും മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി ബഹുമതിപത്രം നല്‍കുകയും ചെയ്തിരുന്നു. സമാധാന പ്രവര്‍ത്തനത്തിനുള്ള ദേശീയ പുരസ്‌കാരം നല്‍കിയാണ് പാക് സര്‍ക്കാര്‍ മലാലയെ ആദരിച്ചത്.അന്ന് മുതല്‍ തന്നെ താലിബാന്‍ തീവ്രവാദികള്‍ അവളെ നോട്ടമിട്ടിരുന്നു.ഒടുവില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 9 നു സ്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അവളെ ബസ്സില്‍ നിന്ന് വലിച്ചു പുറത്തിട്ടു ഒരു താലിബാന്‍ തോക്കുധാരി കഴുത്തിനും തലയ്ക്കും വെടിയുതിര്‍ത്തു.ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലാല സുഖം പ്രാപിച്ചു വരുന്നതായാണ് വാര്‍ത്തകള്‍ .

സ്ത്രീകക്കെതിരെ താലിബാന്‍ നടത്തുന്ന ക്രൂരതകളുടെ കഥകള്‍ മുന്‍പും ലോക ശ്രദ്ധയില്‍ വന്നിട്ടുണ്ട്.അടിച്ചേല്‍പ്പിച്ച ഒരു വിവാഹ ബന്ധത്തില്‍ നിന്ന് ഒളിച്ചോടിയ ആയിഷ എന്ന പെണ്‍കുട്ടിയെ മൂക്കും ചെവികളും അരിഞ്ഞു കളഞ്ഞ,താലിബാന്‍തീവ്രതയുടെ മറ്റൊരു സംഭവം മറക്കാറായിട്ടില്ല.മൂക്കും ചെവികളും അരിയപ്പെട്ട ആ പെണ്‍കുട്ടിയുടെ ചിത്രം ടൈം മാസിക കവര്‍ ചിത്രമായി നല്‍കിയിരുന്നു.അതിനു ശേഷമാണ്,  ശൈശവ വിവാഹത്തിന്റെ ഇരയായ 15 കാരിയായ സഹാർ ഗുൾ  എന്ന അഫ്ഗാനി പെൺകുട്ടിയുടെ കഥ മാധ്യമങ്ങളില്‍ വന്നത്.ഇത്തരം സംഭവങ്ങള്‍ മത തീവ്രവാദം സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെ ഒട്ടും വക വെക്കുന്നില്ലെന്ന യാഥാര്‍ത്യത്തെയാണ് അടിവര ഇടുന്നത്.കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അന്താരാഷ്‌ട്ര സംഘടനകളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും താലിബാന്‍ കേന്ദ്രങ്ങളില്‍ നടപ്പാക്കുന്ന കാടന്‍ നടപടികളെ അപലപിച്ചിട്ടുണ്ട്.പാക്‌- -അഫ്ഘാന്‍ മേഖലകളില്‍ പല ഭാഗത്തും ഇപ്പോഴും ഗോത്ര സംസ്കാരവും അതനുസരിച്ചുള്ള നിയമങ്ങളുമാണ് നിലനില്‍ക്കുന്നത്.ഇത്തരം നിയമങ്ങള്‍ക്ക്,മതത്തിന്റെ മേല്‍വിലാസം നല്‍കാനാണ് ഗോത്ര നേതാക്കള്‍ ശ്രമിക്കാറുള്ളത്.ഫലത്തില്‍ ,താലിബാന്‍ നടത്തുന്ന അതിക്രമങ്ങള്‍ ഇസ്ലാമിന്റെ പേരില്‍ വരവ് ചേര്‍ക്കപ്പെടുകയും ചെയ്യുന്നു.സ്ത്രീകളെ നിരക്ഷതയില്‍ തളച്ചിടുന്നതും അവര്‍ക്ക് സാമൂഹ്യ-രാഷ്ട്രീയ പങ്കാളിത്തം നിഷേധിക്കുന്നതും ശൈശവ വിവാഹവും സ്ത്രീധനവുമടക്കമുള്ള ദുരാചാരങ്ങള്‍പ്രോത്സാഹിപ്പിക്കുന്നതും ഇസ്ലാമിന്റെ പേരില്‍ ന്യായീകരിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം കടുത്ത നിലപാടുകളെ തുറന്നെതിര്‍ക്കാന്‍ പുരോഗമന വാദികളായ മതപണ്ഡിതന്മാര്‍ മടിക്കരുത്.


യാഥാസ്ഥിതിക മതപണ്ഡിതന്മാരും മുല്ലമാരും സ്വീകരിക്കുന്ന സ്ത്രീ വിരുദ്ധ നിലപാടുകള്‍ ഇസ്ലാമിന്റെ യശസ്സിനാണ് പോറല്‍ ഏല്‍പ്പിക്കുന്നത്.കേരളത്തിലെ ചില യാഥാസ്ഥിതിക മതപണ്ഡിതന്മാര്‍,താലിബാനെ പോലെ കടുത്ത ഫത്‌വകള്‍ നല്കുന്നില്ലായിരിക്കാം.എന്നാല്‍ ,മനോഭാവത്തിന്റെയും നിലപാടിന്റെയും കാര്യത്തില്‍ അവര്‍ താലിബാനില്‍ നിന്നും വിദൂരമാണെന്നു കരുതിക്കൂടാ.സ്ത്രീകള്‍ പള്ളിയില്‍ പോകുന്നത് മുതല്‍ സാമൂഹ്യ,രാഷ്ട്രീയ രംഗങ്ങളില്‍ പങ്കാളികളാകുന്നത് വരെ അവര്‍ മതവിരോധമായി ഇന്നും കാണുന്നുണ്ട്.ഏറെ അതിശയകരമായ ഒരു കാര്യം,പുരോഗമന മുഖംമൂടിയുള്ള “നവോദ്ധാന അവകാശികള്‍ “(!) ഇക്കാര്യത്തില്‍ കടുത്ത യാഥാസ്ഥിതികമാണ് എന്നതാണ്.ഇത്തരം ആളുകല്‍ സ്ത്രീകളെ അടുക്കളയിലേക്കു തന്നെ തിരിച്ചയക്കുകയാണ്.കൈയും കാലും പോലും ഉറകളില്‍ പൊതിഞ്ഞല്ലാതെ പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ പ്രത്യക്ഷപ്പെട്ടു കൂടെന്നാണ് ഇവരുടെ നിയമം! മുഖത്താകട്ടെ,മൂടി നിര്‍ബന്ധവും!

മതത്തിന്റെ പേരിലുള്ള തീവ്രവാദം ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നത് സാമ്രാജ്യത്വത്തെയാണ്.ബിന്‍ ലാദിന്‍ ആണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ദുഷ്ട ലക്ഷ്യങ്ങള്‍ ഒരുപരിധി വരെ പൂര്‍ത്തിയാക്കി കൊടുത്തത്.മതതീവ്രവാദം ഭീകരതയായി വളരുമെന്നും അത് ലോകത്തിനു ഭീഷണിയാണെന്നും അതിനാല്‍ “ഇസ്ലാമിക ഭീകരതയ്ക്കെതിരെ” ലോകം ഒന്നിക്കണമെന്നും പ്രഖ്യാപിച്ചാണല്ലോ,കഴിഞ്ഞ പതിറ്റാണ്ടിലെ യുദ്ധപരമ്പരയ്ക്ക് അമേരിക്ക സഖ്യകക്ഷികളെ ചേര്‍ത്തത്.സെപ്തംബര്‍ 11 ,വീണു കിട്ടിയ അവസരമായിരുന്നു അമേരിക്കയ്ക്ക്.അതിന്റെ പിന്‍ബലത്തില്‍ പശ്ചിമേഷ്യയിലെ തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈപ്പിടിയിലൊതുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.സത്യത്തില്‍ ,അഫ്ഗാനില്‍ അമേരിക്ക നടത്തിയ യുദ്ധത്തിനു കുറച്ചെങ്കിലും തദ്ദേശീയ പിന്തുണ കിട്ടിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി താലിബാനും അതിന്റെ തീവ്ര മത നിലപാടുകളും ആണെന്ന് ഉറപ്പിച്ചു പറയാം.താലിബാന്‍ ഭരണത്തില്‍ അഫ്ഗാനികള്‍ വിശിഷ്യ സ്ത്രീകള്‍ അത്രമേല്‍ ശ്വാസം മുട്ടിയിരുന്നു എന്ന് വേണം കരുതാന്‍. .. ഈ സാഹചര്യം മുതലെടുക്കാന്‍ അമേരിക്ക ശരിക്കും ഉത്സാഹിച്ചു.നേരത്തെ സൂചിപ്പിച്ച,താലിബാനികള്‍ ഒരു പെണ്‍കുട്ടിയുടെ മൂക്കും ചെവിയും ചെത്തിയ സംഭവത്തിന്‌ വന്‍ പ്രാധാന്യമാണ് പാശ്ചാത്യ മാധ്യമങ്ങള്‍ നല്‍കിയത്.ടൈം മാസിക മുഖചിത്രം അടക്കം,കവര്‍ സ്റ്റോറി ആക്കി.ഇന്റര്‍നെറ്റില്‍ പരതിയാല്‍ അഫ്ഗാനിലെ സ്ത്രീകളുടെ അവകാശ നിഷേധത്തിന്റെ നൂറു നൂറു കഥകള്‍ യൂട്യൂബിലും വിവിധ സൈറ്റുകളിലും കാണാം.അതില്‍ കുറെയേറെ അതിശയോക്തിപരവും പലതും അടിസ്ഥാന രഹിതവുമാണ്.


സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അവകാശ നിഷേധങ്ങള്‍ തുറന്നെതിര്‍ക്കപ്പെടണമെന്ന കാര്യത്തില്‍ സംശയമില്ല.അത് അഫ്ഗാനിസ്ഥാനിലായാലും പാകിസ്ഥാനിലായാലും ഇന്ത്യയില്‍ ആയാലും ശരി.അതേസമയം,ഇത്തരം സംഭവങ്ങളെ രാഷ്ട്രീയ ആയുധങ്ങള്‍ ആക്കുന്ന നിക്ഷിപ്ത താല്പര്യം തിരിച്ചറിയാനുള്ള വിവേകവും ലോകത്തിനു വേണം.എന്നാല്‍,പാശ്ചാത്യ കോര്‍പ്പറേറ്റ്‌ മാധ്യമങ്ങളില്‍ വരുന്ന,സ്ത്രീകളുടെ അവകാശങ്ങളെ സംബന്ധിച്ചുള്ള വാര്‍ത്തകളില്‍ പലപ്പോഴും അവരുടെ സാമ്രാജ്യ താല്‍പ്പര്യം നിഴലിക്കുന്നുണ്ട്.മതനേതൃത്വവും താലിബാനികളും സ്ത്രീകള്‍ക്ക് മേല്‍ മതചിഹ്നങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ലോക ശ്രദ്ധയില്‍ കൊണ്ട് വരികയും എതിര്‍ക്കുകയും ചെയ്യുന്നപോലെ തീവ്ര മതേതരവാദികള്‍ ,മതേതര തീവ്രവാദം സ്ത്രീകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനെ പാശ്ചാത്യ മീഡിയ എതിര്‍ക്കാറില്ല.ഒരാള്‍ക്കിഷ്ടമില്ലാതെ,ഒരു വസ്ത്രധാരണ രീതി അടിച്ചേല്‍പ്പിക്കുന്നത് മനുഷ്യാവകാശ നിഷേധം ആണെന്ന പോലെ ഇഷ്ടമുള്ള രീതി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും മനുഷ്യാവകാശം തന്നെ ആണ്.

ഹിജാബ് ധരിച്ചതിന്റെ പേരില്‍ മര്‍വ ശര്‍ബിനി എന്ന ഈജിപ്ഷ്യന്‍ വനിതയെ ജര്‍മനിയിലെ ഒരു കോടതി മുറ്റത്ത്‌ വെച്ച് ഒരു ജര്‍മ്മന്‍ പൌരനായ റഷ്യന്‍ കുടിയേറ്റക്കാരന്‍ കുത്തികൊലപ്പെടുത്തിയ സംഭവം 2009 ലാണ് ഉണ്ടായത്.എന്നാല്‍,ശര്ബീനിക്ക് ,ഈ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയ മലാല യൂസുഫിനും  ആയിഷയ്ക്കും കിട്ടിയ സഹതാപം കിട്ടാതെ പോയത് എന്ത് കൊണ്ടാണ്? താലിബാന്‍ കൊലയാളിക്ക് ചാര്‍ത്തപ്പെടുന്ന ക്രൂര  പരിവേഷം ശര്ബീനിയുടെ കൊലയാളിക്ക് നല്കപ്പെടാഞ്ഞതെന്തു കൊണ്ട്? താലിബാന്‍ ഭരണകൂടം സ്ത്രീകള്‍ക്ക് മൂടുപടം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ഫാസിസം ആണെങ്കില്‍ ഫ്രാന്‍സില്‍ നിക്കോളാസ്‌ സര്‍ക്കോസി ശിരോവസ്ത്രം കുറ്റകരമാക്കുന്നതും ഫാസിസം തന്നെ അല്ലെ?

പറഞ്ഞു വരുന്നത്,മതതീവ്ര വാദികള്‍ നടപ്പാക്കുന്ന സ്ത്രീ വിരുദ്ധ-മനുഷ്യാവകാശ കൃത്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കണമെന്നല്ല.തീര്‍ച്ചയായും മതതീവ്രതയെ എതിര്‍ക്കുക തന്നെ വേണം.മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിക്കുകയും അതിനു വേണ്ടി പോരാടുകയും വേണം.അതേസമയം,തീവ്രവാദത്തെ പര്‍വതീകരിച്ച് മുതലെടുക്കാനും ആരെയും അനുവദിക്കരുത്.മലാല യൂസുഫ്‌ ആശുപത്രിക്കിടക്കയില്‍ നിന്ന്  ലോകത്തോട് പറയുന്നത്,ലോകത്ത് സ്ത്രീ അനുഭവിക്കുന്ന ദൈന്യതയെ കുറിച്ചാണ്.പാകിസ്ഥാനില്‍ അവള്‍ക്കു ആ  അവസ്ഥ ഉണ്ടാക്കുന്നത്‌ താലിബാന്‍ ആണ്.അഫ്ഗാനിലും ഇറാഖിലും പക്ഷെ,കണ്ണീരില്‍ കഴിയുന്ന ലക്ഷക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും സൃഷ്ട്ടിച്ചത് അമേരിക്കയും സാമ്രാജ്യത്വ ശക്തികളുമാണ്.ഈ വസ്തുതകള്‍ നാം മറന്നു പോകരുത്.

Check Also

Compare Best Driving Schools in the UAE

Your ads will be inserted here byEasy Plugin for AdSense.Please go to the plugin admin …

Fix Mail.app crashing in macOS High Sierra – remove and rebuild Envelope Index files

Since upgrading to the very first public beta of macOS High Sierra, I was encountering …