Your ads will be inserted here by
Easy Plugin for AdSense.
Please go to the plugin admin page to
Paste your ad code OR
Suppress this ad slot.
നമ്മള്‍ ഇന്റര്‍നെറ്റില്‍ ഒരു വിവരം ആരായുമ്പോള്‍ സംഭവിക്കുന്നത് എന്താണ്? ഏത് കമ്പ്യൂട്ടറിലാണോ ആ വിവരം ശേഖരിച്ചു വെച്ചിട്ടുള്ളത്, ആ കമ്പ്യൂട്ടറിലേക്ക് നമ്മള്‍ ആ വിവരത്തിന് വേണ്ടി റിക്വസ്റ്റ് അയയ്ക്കുന്നു. ആ സെക്കന്റില്‍ തന്നെ നമ്മള്‍ ആവശ്യപ്പെട്ട വിവരം ആ കമ്പ്യൂട്ടര്‍ നമുക്ക് അയച്ചുതരുന്നു. ഇങ്ങനെ വിവരങ്ങള്‍ ( ഫയലുകള്‍ ) ശേഖരിച്ചുവെക്കുകയും ആവശ്യമുള്ളവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യുന്ന കമ്പ്യൂട്ടറുകളെ സര്‍വര്‍ കമ്പ്യൂട്ടര്‍ എന്നും വിവരങ്ങള്‍ അഥവാ ഫയലുകള്‍ സ്വീകരിക്കുന്ന കമ്പ്യൂട്ടറുകളെ ക്ലയന്റ് കമ്പ്യൂട്ടര്‍ എന്നും പറയുന്നു. നമ്മുടെ പഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ എല്ലാം തന്നെ ക്ലയന്റ് കമ്പ്യൂട്ടറുകള്‍ ആണ്. ക്ലയന്റ് കമ്പ്യൂട്ടറുകളില്‍ അധികമായി ഫയലുകള്‍ സംഭരിച്ചുവെക്കാനുള്ള ശേഷിയോ, ഉള്ള വിവരങ്ങള്‍ തന്നെ മറ്റ് കമ്പ്യൂട്ടറുകള്‍ക്ക് ഷേര്‍ ചെയ്യാനുള്ള സോഫ്റ്റ്‌വേറോ ഇല്ല.
ഇന്റര്‍നെറ്റില്‍ എല്ലാ കമ്പ്യൂട്ടറുകളും പരസ്പരം ബന്ധപ്പെടുന്നുണ്ടെങ്കിലും സര്‍വര്‍ കമ്പ്യൂട്ടറുകളില്‍ നിന്ന് ക്ലയന്റ് കമ്പ്യൂട്ടറുകളിലേക്ക് ഫയലുകള്‍ ഷേര്‍ ചെയ്യുന്ന Client – Server Network സമ്പ്രദായമാണ് നിലവിലുള്ളത്. ഈ സമ്പ്രദായത്തിന് രണ്ട് പോരായ്മകളുണ്ട്. ഒന്ന്, വലിയ ഫയലുകള്‍ സെര്‍വര്‍ കമ്പ്യൂട്ടറുകളില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഫയലുകളെ പൊതുവെ കിലോബൈറ്റ്(KB), മെഗാബൈറ്റ്(MB), ജിഗാബൈറ്റ്(GB) എന്നിങ്ങനെയുള്ള അളവുകളിലാണ് പറയുന്നത്. 1 GB ഉള്ള ഫയല്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാന്‍ ഈ രീതിയില്‍ നമുക്ക് കഴിയുകയേയില്ല. രണ്ടാമത്തെ പോരായ്മ നമ്മുടെ കമ്പ്യൂട്ടറില്‍ ഉള്ള ഫയലുകള്‍ നമുക്ക് ആരുമായും ഷേര്‍ ചെയ്യാന്‍ കഴിയില്ല.
ഈ പോരായ്മകള്‍ പരിഹരിക്കാനാണ് ബിറ്റ് ടോറന്റ് എന്ന പ്രോഗ്രാം കണ്ടുപിടിച്ചത്. അമേരിക്കന്‍ സോഫ്റ്റ്‌വേര്‍ എഞ്ചിനീയറായ ബ്രാം കോഹന്‍ 2001 ജൂലൈ മാസത്തിലാണ് ഈ പ്രോഗ്രാം വികസിപ്പിച്ച് പുറത്തിറക്കിയത്. Peer to Peer Network എന്ന സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് ബിറ്റ് ടോറന്റ് എന്ന ഈ ഫയല്‍ ഷേറിങ്ങ് സിസ്റ്റം. ഈ സമ്പ്രദായത്തില്‍ സെര്‍വര്‍ കമ്പ്യൂട്ടര്‍ എന്ന ഒരു സെന്‍ട്രലൈസ്‌ഡ് കമ്പ്യൂട്ടര്‍ ഇല്ല. ഒരോ ക്ലയന്റ് കമ്പ്യൂട്ടറും ഒരേ സമയം സെര്‍വര്‍ കമ്പ്യൂട്ടറും ക്ലയന്റ് കമ്പ്യൂട്ടറും ആയി പ്രവര്‍ത്തിക്കുകയാണ്. അതായത് ഒരു ക്ലയന്റ് കമ്പ്യൂട്ടറില്‍ ശേഖരിച്ച ഫയല്‍ തന്നെയാണ് മറ്റ് കമ്പ്യൂട്ടറുകളിലേക്ക് ഷേര്‍ ചെയ്യപ്പെടുന്നത്. ഫയല്‍ സ്വീകരിച്ച കമ്പ്യൂട്ടറും മറ്റ് കമ്പ്യൂട്ടറുകള്‍ക്ക് ആ ഫയലിന്റെ ഒരു ഭാഗം ഷേര്‍ ചെയ്യുന്നു. (ചിത്രം കാണുക)
ഇങ്ങനെ വലിയ അളവുള്ള ഫയലുകള്‍ സ്വീകരിക്കാനും ഷെയര്‍ ചെയ്യാനും നമുക്ക് ഒരു ടോറന്റ് ക്ലയന്റ് പ്രോഗ്രാം വേണം. നിലവില്‍ കുറെ ടോറന്റ് ക്ലയന്റ് പ്രോഗ്രാമുകള്‍ ഉണ്ടെങ്കിലും തുടക്കക്കാര്‍ക്ക് മ്യൂടോറന്റ് ( http://www.utorrent.com ) എന്ന പ്രോഗ്രാം ആണ് നല്ലത്. ടോറന്റ് ഉപയോഗിച്ച് സിനിമ, വീഡിയോകള്‍ , പുസ്തകങ്ങള്‍ തുടങ്ങിയവ ഡൌണ്‍ലോഡ് ചെയ്യാനും സ്വന്തം കമ്പ്യൂട്ടറുകളില്‍ ഉള്ള വീഡിയോകളും മറ്റും മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യാനും താല്പര്യമുള്ളവര്‍ ആദ്യമായി മേലെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് മ്യൂടോറന്റ് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇനി നമുക്ക് വേണ്ടത്, എന്താണോ ഡൌണ്‍ലോഡ് ചെയ്യേണ്ടത് അതിന്റെ ടോറന്റ് ഫയലാണ്. ഉദാഹരണത്തിന് നമുക്ക് ഒരു സിനിമ ഡൌണ്‍ലോഡ് ചെയ്യണം. ആ സിനിമയുടെ ഡിവിഡി റിപ്പ് ചെയ്ത് സ്വന്തം കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്കില്‍ സൂക്ഷിച്ച് വെച്ചിട്ടുള്ള ആരെങ്കിലും അതിന്റെ ടോറന്റ് ഫയല്‍ ഉണ്ടാക്കിയിട്ട് ആ ഫയല്‍ ഏതെങ്കിലും ടോറന്റ് സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടാവും. ഓര്‍ക്കുക ആ സിനിമയല്ല, ആ സിനിമയുടെ ടോറന്റ് ഫയലാണ് അയാള്‍ ടോറന്റ് സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. സിനിമ അയാളുടെ ഹാര്‍ഡ് ഡിസ്കില്‍ തന്നെയാണുള്ളത്. ടോറന്റ് ഫയലുകള്‍ ശേഖരിച്ചു വയ്ക്കുന്ന നിരവധി സൈറ്റുകളുണ്ട്. നമുക്ക് ആവശ്യമുള്ള സിനിമയുടെ ടോറന്റ് ഫയല്‍ സര്‍ച്ച് ചെയ്യാന്‍ http://torrentz.in എന്ന സൈറ്റിലേക്ക് പോകാം. അവിടെ നിന്ന് ആ സിനിമയുടെ ടോറന്റ് ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക. സെക്കന്റുകള്‍ കൊണ്ട് ആ ഫയല്‍ ഡൌണ്‍ലോഡ് ആകും. എന്തെന്നാല്‍ ടോറന്റ് ഫയല്‍ വളരെ ചെറുതാണ്. സാധാരണ ഗതിയില്‍ നമ്മള്‍ ഡൌണ്‍ലോഡ് ചെയ്യുന്ന ഫയലുകള്‍ കമ്പ്യൂട്ടറിലെ ഡൌണ്‍ലോഡ് ഫോള്‍ഡറിലാണ് സേവ് ആയിട്ടുണ്ടാവുക. സിനിമയുടെ ടോറന്റ് ഫയല്‍ കണ്ടെത്തി അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ നമ്മുടെ സിസ്റ്റത്തില്‍ ഉള്ള മ്യൂടോറന്റ് എന്ന ക്ലയന്റ് പ്രോഗ്രാം ആ സിനിമയെ ഡൌണ്‍ലോഡ് ചെയ്യിക്കും. ഏതൊക്കെ കമ്പ്യൂട്ടറുകളിലാണോ ആ സിനിമയുടെ ഫയല്‍ മുഴുവനുമായോ ഭാഗികമായോ ഉള്ളത് ആ കമ്പ്യൂട്ടറുകളില്‍ നിന്നെല്ലാം കഷണം കഷണങ്ങളായാണ് അത് നമ്മുടെ കമ്പ്യൂട്ടറില്‍ വന്നെത്തുക. (ചിത്രം കാണുക)
ഫയല്‍ ആരുടെ കമ്പ്യൂട്ടറിലാണോ മുഴുവനുമായി ഉള്ളത്, അയാള്‍ അത് മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യുമ്പോള്‍ അതിനെ Seeding എന്നും അയാളെ Seeder എന്നും പറയുന്നു. സീഡര്‍മാരിലൂടെയാണ് ഈ സമ്പ്രദായം നിലനില്‍ക്കുന്നത്. യാതൊരു ലാഭേച്ഛ ഇല്ലാതെയും, പ്രതിഫലം ഒന്നും ലഭിക്കാതെയുമാണ് സീഡര്‍മാര്‍ മറ്റുള്ളവര്‍ക്ക് ഫയലുകള്‍ സീഡ് ചെയ്യുന്നത്. ഫയലുകള്‍ സ്വീകരിക്കുന്ന സ്വീകര്‍ത്താവിനെ Peer ( പീയര്‍ ) എന്ന് പറയുന്നു. ഫയല്‍ ഒരളവ് ഡൌണ്‍ലോഡ് ചെയ്താല്‍ പീയര്‍ തന്നെ സീഡറായും വര്‍ത്തിച്ച് അപ്‌ലോഡിങ്ങും ഡൌണ്‍ലോഡിങ്ങും ഒരേ സമയം ചെയ്യും എന്ന് മേലെയുള്ള ചിത്രം കണ്ടാല്‍ മനസ്സിലാകും. അങ്ങനെ വരുമ്പോള്‍ ഡൌണ്‍ലോഡ് ചെയ്യുന്ന എല്ലാവര്‍ക്കും ഡൌണ്‍ലോഡിങ്ങ് സ്പീഡ് വര്‍ദ്ധിക്കും. ചിലര്‍ ഡൌണ്‍ലോഡ് ചെയ്യുകയേയുള്ളൂ. സീഡ് ചെയ്യുകയില്ല. അത്തരക്കാരെ ലീച്ചര്‍ (Leecher) എന്ന് പറയുന്നു. ചിത്രത്തില്‍ ചുകപ്പ് നിറത്തില്‍ അടയാളപ്പെടുത്തിയത് കാണുക. മന:സാക്ഷി ഉള്ള ആരും Leech ചെയ്യില്ല. സീഡര്‍മാരെയും പിയര്‍മാരെയും ബന്ധിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന സെവര്‍ കമ്പ്യൂട്ടറിന്റെ റോളില്‍ വര്‍ത്തിക്കുന്ന സിസ്റ്റത്തെയാണ് Tracker എന്ന് (ചിത്രത്തില്‍ കാണുന്ന പോലെ) പറയുന്നത്.
Your ads will be inserted here by
Easy Plugin for AdSense.
Please go to the plugin admin page to
Paste your ad code OR
Suppress this ad slot.
ഇനി, നമ്മുടെ കമ്പ്യൂട്ടറില്‍ ഉള്ള ഒരു ഫയല്‍ (വീഡിയോ, സിനിമ, അങ്ങനെ എന്തും) എങ്ങനെ ടോറന്റ് ഫയല്‍ ആക്കി മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യാം എന്ന് നോക്കാം. ആദ്യമായി, മ്യൂടോറന്റ് ഓപ്പന്‍ ചെയ്യുക. എന്നിട്ട് താഴെ ചിത്രത്തില്‍ കാണുന്ന പോലെ File ക്ലിക്ക് ചെയ്ത് Creat New Torrent സെലക്ട് ചെയ്യുക. (ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുപ്പത്തില്‍ കാണാം)
Creat New Torrent സെലക്ട് ചെയ്ത് ക്ലിക്ക് ചെയ്താല്‍ ഫയല്‍ ആഡ് ചെയ്യാനുള്ള മറ്റൊരു വിന്‍ഡോ തുറന്ന് വരും. താഴെ ചിത്രം കാണുക.
Add file എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഫയല്‍ ആഡ് ചെയ്യുക. നമ്മുടെ ഫയല്‍ ഷേര്‍ ചെയ്യാന്‍ നമ്മെ പരസ്പരം ബന്ധിപ്പിക്കുന്ന ട്രാക്കര്‍മാര്‍ വേണം. ഇങ്ങനെ നിരവധി ട്രാക്കര്‍ സൈറ്റുകള്‍ ഉണ്ട്. Trackers എന്ന കോളത്തില്‍ നമ്മള്‍ ഒന്നോ അതിലധികമോ ട്രാക്കര്‍ സൈറ്റുകളുടെ URL അഡ്രസ്സ് നല്‍കണം. എന്നാല്‍ മ്യൂടോറന്റില്‍ ഡിഫാള്‍ട്ടായി തന്നെ രണ്ട് ട്രാക്കര്‍ അഡ്രസ്സ് വരുന്നുണ്ട്. അത് മതി. നമ്മുടെ ഫയല്‍ ആഡ് ചെയ്താല്‍ , താഴെ കാണുന്ന Creat and save as.. എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങളുടെ ഫയല്‍ ടോറന്റ് ഫയലായി ഡസ്ക്ക്‍ടോപ്പില്‍ സേവ് ആകും. Creat and save as എന്ന കോളത്തിന് മേലെയുള്ള Start seeding എന്ന ചതുരത്തില്‍ ക്ലിക്ക് ചെയ്താല്‍ അപ്പോള്‍ തന്നെ സീഡിങ്ങ് ആരംഭിക്കും. ഞാന്‍ ഒരു വീഡിയോ, ടോറന്റ് ഫയല്‍ ആക്കി സീഡ് ചെയ്യുന്നതിന്റെ ചിത്രം താഴെ കാണുക.
അങ്ങനെ നിങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉള്ള ഒരു ഫയലിന്റെ ടോറന്റ് ഫയല്‍ ഉണ്ടാക്കി. അത് ഇനി മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യണം അല്ലേ? ആ ഫയല്‍ സുഹൃത്തുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ മെയിലില്‍ അയച്ചുകൊടുത്താല്‍ അവര്‍ ആ ടോറന്റ് ഫയല്‍ തുറന്ന്, (അവരുടെ സിസ്റ്റത്തില്‍ മ്യൂടോറന്റ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം) നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉള്ള ഫയല്‍ ഡൌണ്‍ലോഡ് ചെയ്തോളും. ഇപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ ഒരു സര്‍വറായി വര്‍ത്തിക്കുകയാണ്. അതിനായി നിങ്ങള്‍ നിങ്ങളുടെ സിസ്റ്റം ഓണ്‍ ആയി തന്നെ വെക്കുകയും മ്യൂടോറന്റ് തുറന്ന് സീഡ് ചെയ്തുകൊണ്ടിരിക്കുകയും വേണം എന്ന് പറയേണ്ടല്ലൊ.
ശരി, നിങ്ങള്‍ ഒരു സിനിമയാണ് ടോറന്റ് ഫയല്‍ ആക്കി മാറ്റിയത് എന്നും ആ സിനിമ മറ്റുള്ളവര്‍ക്ക് പബ്ലിക്കായി ഷേര്‍ ചെയ്യണം എന്നും കരുതുക. അപ്പോള്‍ നിങ്ങള്‍ ആ ടോറന്റ് ഫയല്‍ , ടോറന്റുകള്‍ ഹോസ്റ്റ് ചെയ്യുന്ന സൈറ്റുകള്‍ ഏതെങ്കിലും ഒന്നില്‍ അപ്‌ലോഡ് ചെയ്യണം. അപ്പോഴും ഓര്‍മ്മിക്കണം, നിങ്ങള്‍ ആ സിനിമയല്ല അവിടെ അപ്‌ലോഡ് ചെയ്യുന്നത്. സിനിമ നിങ്ങളുടെ ഹാര്‍ഡ് ഡിസ്കില്‍ തന്നെയാണ് ഉള്ളത്. അതിന്റെ വിവരവും നിങ്ങളുടെ സിസ്റ്റത്തില്‍ നിന്ന് അത് ഡൌണ്‍ലോഡ് ചെയ്യാനുള്ള വഴിയുമാണ് ടോറന്റ് ഫയല്‍ രൂപത്തില്‍ നിങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നത്. ടോറന്റ് ഫയല്‍ അപ്‌ലോഡ് ചെയ്യാന്‍ നിരവധി സൈറ്റുകളുണ്ട്. ഇവിടെ നോക്കുക.
ടോറന്റ് എന്ന് കേള്‍ക്കുമ്പോള്‍ അതെന്തോ നിയമവിരുദ്ധമായ ഒരു സംഗതിയാണെന്ന് പലരും ധരിക്കുന്നുണ്ട്. പൈറസിക്ക് വേണ്ടിയാണ് ടോറന്റ് എന്നാണ് അവരുടെ ധാരണ. എന്നാല്‍ ആ ധാരണ ശരിയല്ല. ഇന്ന് ഇന്റര്‍നെറ്റില്‍ ഫയല്‍ ഷെയറിങ്ങ് ഭൂരിഭാഗവും നടക്കുന്നത് ടോറന്റ് മുഖാന്തിരമാണ്. ചിലര്‍ കോപ്പിറൈറ്റ് പ്രശ്നം ഉന്നയിക്കുന്നുണ്ട്. കേസും അറസ്റ്റും കുണ്ടാമണ്ടികളും ചൂണ്ടിക്കാട്ടി ചിലര്‍ ഭീഷണി മുഴക്കുന്നുമുണ്ട്. എന്നാല്‍ ടോറന്റിന്റെ പേരില്‍ ആരെയെങ്കിലും കുറ്റക്കാരനായി സ്ഥാപിച്ച് ശിക്ഷയ്ക്ക് വിധേയനാക്കുക എന്നത് എളുപ്പമല്ല. ഏത് പോലീസുകാരനും ആരെയും അറസ്റ്റ് ചെയ്ത് കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പറ്റും. എന്നാല്‍ കോപ്പി റൈറ്റ് ലംഘനമോ പൈറസിയോ ആരോപിച്ച് വിചാരണ നടത്തി കുറ്റക്കാരെ കണ്ടെത്താന്‍ വളരെ പ്രയാസമായിരിക്കും. നിലവിലെ വ്യവസ്ഥാപിതമായ രീതിയില്‍ അപ്ലോഡിങ്ങോ ഡൌണ്‍ലോഡിങ്ങോ അല്ല ടോറന്റില്‍ നടക്കുന്നത് എന്നതാണ് അതിലെ പ്രധാനപ്പെട്ട കാര്യം. ഞാന്‍ കോപ്പിറൈറ്റ് ലംഘനത്തെ പ്രോത്സാഹിപ്പിക്കാന്‍ പറയുന്നതല്ല. കോപ്പിറൈറ്റിന്റെ പേരില്‍ നമുക്ക് വരപ്രസാദം പോലെ ലഭിച്ച ഒരു ഫയല്‍ ഷേറിങ്ങ് സാങ്കേതിക വിദ്യയെ തരം താഴ്ത്തി കാണരുതല്ലോ. ടോറന്റില്‍ ഉള്ളതെല്ലാം കോപ്പിറൈറ്റ് ഉള്ളതാണെന്ന മിഥ്യാധാരണയും തെറ്റാണ്. അഥവാ ആരെങ്കിലും കോപ്പിറൈറ്റ് വാദം ഉന്നയിച്ചാലും ടോറന്റില്‍ അത് കുറ്റമായി സ്ഥാപിക്കാന്‍ നിലവിലെ നിയമം അപര്യാപ്തമാണ്. പര്യാപ്തമായ നിയമം നിര്‍മ്മിക്കുന്നതിനേക്കാളും എളുപ്പം ഇന്റര്‍നെറ്റ് തന്നെ നിരോധിക്കലായിരിക്കും എന്ന് പറയാതെ വയ്യ.
ടോറന്റിനെ പറ്റി ഒരു സാമാന്യധാരണ വായനക്കാരില്‍ ഉണ്ടാക്കുകയായിരുന്നു ഉദ്ദേശ്യം. അത്കൊണ്ട് സാങ്കേതികമായ വിശദീകരണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ കമന്റായി എഴുതിയാല്‍ അത് വിശദീകരിക്കാം. നെഗറ്റീവ് കമന്റുകള്‍ ഈ വിഷയത്തില്‍ ഇവിടെ അനുവദിക്കുകയോ , തര്‍ക്കത്തിന് അവസരം നല്‍കുകയോ ചെയ്യുകയില്ല എന്നും അറിയിക്കട്ടെ.